പ്രേക്ഷകരുടെ അവാര്‍ഡിനായി കാത്തിരിക്കുന്നു...


നിസാര്‍ മുഹമ്മദ്തെന്നിന്ത്യന്‍ സിനിമകളില്‍ താരമായി കുതിച്ചുയരുന്ന നടി പ്രിയങ്കയുമായി നിസാര്‍ മുഹമ്മദ് നടത്തിയ അഭിമുഖം


ഏതാണീ പ്രിയങ്ക? മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ പലരും ചോദിച്ച ചോദ്യമാണിത്. പക്ഷെ ഈ അവാര്‍ഡ് എത്തുന്നതിന് എത്രയോ മുമ്പു തന്നെ തമിഴകം പ്രിയങ്കയെ നെഞ്ചേറ്റിയിരുന്നു.വെയില്‍ എന്ന തമിഴ് ചിത്രത്തിലെ 'ഉരുകുതേ... ഉരുകുതേ...' എന്ന ഗാനം മലയാളക്കരയില്‍ തരംഗമായപ്പോഴും വെയിലില്‍ ഉരുകിയ ഈ തിരുവനന്തപുരത്തുകാരിയെ അധികമാരും തിരിച്ചറിഞ്ഞില്ല. പക്ഷെ ടി വി ചന്ദ്രന്റെ 'വിലാപങ്ങള്‍ക്കപ്പുറം' എന്ന സിനിമയിലെ സാഹിറ എന്ന കഥാപാത്രം മലയാളിയുടെ മനസ്സില്‍ നിന്ന് മായില്ലെന്നുറപ്പാണ്...
സീരിയലായാലും സിനിമയായാലും തനിക്ക് ഒരുപോലെയാണെന്ന് തുറന്നു സമ്മതിക്കാന്‍ മടിയില്ലാത്ത പ്രിയങ്കയ്ക്ക് അവാര്‍ഡിന്റെ ജാട ഇതുവരെ തലയ്ക്ക് പിടിച്ചിട്ടില്ല. സംസാരത്തില്‍ പാകത വന്നിട്ടുണ്ട്. അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ കക്ഷിചേരാന്‍ പ്രിയങ്ക തയ്യാറല്ല. ഒമ്പത് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താനിപ്പോഴുമൊരു തുടക്കക്കാരിയെന്ന ഭാവമാണ് പ്രിയങ്കയ്ക്ക്. പക്ഷെ അന്യഭാഷാ ചിത്രങ്ങളില്‍ മലയാളത്തിലെ നായികമാര്‍ നടത്തുന്ന ഗ്ളാമര്‍ പ്രദര്‍ശനത്തെക്കുറിച്ച് പ്രിയങ്കയ്ക്ക് ചിലത് പറയാനുമുണ്ട്....
സീരിയലിലൂടെയാണല്ലോ സിനിമയിലെത്തിയത്. ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച നടിയുമായി. ഈ സാഹചര്യത്തില്‍ സീരിയലിനെയും സിനിമയെയും എങ്ങനെ വിലയിരുത്തുന്നു?
അടിസ്ഥാനപരമായി ഞാനൊരു കലാകാരിയാണ്. സിനിമയിലായാലും സീരിയലിലായാലും ഒരു സംവിധായകന്‍ എന്നെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ഒരു കഥാപാത്രം എന്റെ കഴിവിന്റെ പരമാവധി അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് എന്റെ കര്‍മ്മം. ഞാനൊരിക്കലും അതിനെ വേര്‍തിരിച്ച് കാണാറില്ല. നാടകമായാലും സിനിമയായാലും സീരിയലായാലും എനിക്ക് ഒരുപോലെയാണ്.
അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് എന്താണ് പങ്കുവെയ്ക്കാനുള്ളത്?
ഈ അവാര്‍ഡ് എന്റെ ഗുരുനാഥനായ സംവിധായകന്‍ ടി വി ചന്ദ്രന്‍സാറിന് സമര്‍പ്പിക്കുന്നു. ഈ കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം മനസ്സിലുദ്ദേശിക്കുന്നത് പോലെ ഈ കഥാപാത്രത്തെ എത്രത്തോളം അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമോയെന്ന് പേടിയുണ്ടായിരുന്നു ഷൂട്ടിംഗിന്റെ ഓരോ ദിവസവും. പക്ഷെ ഇപ്പോഴും എനിക്ക് ആ ഭയം ഇപ്പോഴും മാറിയിട്ടില്ല. ചിത്രം തിയേറ്ററുകളിലെത്തി, ജനങ്ങള്‍ കൂടി കണ്ട് അത് വിലയിരുത്തുമ്പോള്‍ മാത്രമാണ് ആ ഭയം പൂര്‍ണ്ണമായും മാറുക. ജനങ്ങളുടെ അവാര്‍ഡിനായി കാത്തിരിക്കുകയാണ്. അവാര്‍ഡുകള്‍ ഇന്‍സ്പിരേഷനാണ്. നല്ല കാര്യം. നല്ല സിനിമകള്‍ കിട്ടാന്‍ അവാര്‍ഡ് ഒരു കാരണമാകുമല്ലോ. ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ട്. അവാര്‍ഡ് ലഭിച്ചതിന് ശേഷം സാധാരണക്കാരായ ആളുകള്‍ക്ക് പോലും എന്നെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
പുതിയ സിനിമ ഏതൊക്കെയാണ്?
പുതിയ സിനിമ റിലീസാകാനുള്ളത് തമിഴിലെ 'വാനം പാത്ത് സീമയിലേ' ആണ്.
മലയാളത്തില്‍ നിന്ന് ഓഫറില്ലേ.?
മലയാളത്തില്‍ ചെയ്യുന്ന സിനിമ റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ കാസിനോവയാണ്. പക്ഷെ ചില കാരണങ്ങളാല്‍ അത് കുറച്ച് മുടങ്ങിപ്പോയിട്ടുണ്ട്.
അവാര്‍ഡുമായി ബന്ധപ്പെട്ട് ടി വി ചന്ദ്രന്‍ ഉയര്‍ത്തിയ വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
അദ്ദേഹം മഹാനായ ഒരു സംവിധായകനാണ്. തുടക്കക്കാരിയായ ഞാന്‍ അതിനെക്കുറിച്ച് എന്തുപറയാനാണ്. അതൊന്നും പറയാന്‍ യോഗ്യയല്ല ഞാന്‍.
ചില മലയാള സിനിമകളില്‍ നിന്ന് പ്രിയങ്കയെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
ചിലപ്പോള്‍ ഞാന്‍ ആ കഥാപാത്രത്തിന് ആപ്റ്റല്ലായിരിക്കാം. കഥാപാത്രത്തിന് യോജ്യയാണെങ്കില്‍ മാത്രമല്ലേ നമ്മളെ കാസ്റ് ചെയ്യൂ. ആ കഥാപാത്രം എനിക്ക് വിധിച്ചിട്ടുള്ളതാണെങ്കില്‍ മാത്രമെ എനിക്ക് കിട്ടൂ. അങ്ങനെ കിട്ടിയാല്‍ നൂറ് ശതമാനം ഡെഡിക്കേഷനോടെ, സിന്‍സിയറായി ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അന്യഭാഷയിലായാലും മലയാളത്തിലായാലും എന്നെത്തേടി വരുന്നുണ്ട്.
എത്ര സിനിമകള്‍ അങ്ങനെ പോയിട്ടുണ്ട്?
ഒന്നുരണ്ട് സിനിമകള്‍ ആ തരത്തില്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ ആ സിനിമയിലേക്ക് കാസ്റ് ചെയ്തിട്ടുണ്ടെന്ന് പത്രങ്ങളിലൂടെയാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.
മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളം സിനിമാരംഗം എങ്ങനെ?
അതേക്കുറിച്ച് കൂടുതല്‍ വിലയിരുത്താനൊന്നും ഞാന്‍ ആയിട്ടില്ല. പക്ഷെ മലയാളം ഇന്‍ഡസ്ട്രി വളരെ ഫ്രണ്ട്ലിയാണ്. ഞാന്‍ മൂന്നുഭാഷകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. തമിഴ്, മലയാളം, കന്നട. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഭാഷ അറിയാത്തത് കൊണ്ട് കൂടുതല്‍ ഡെഡിക്കേറ്റഡ് ആകും. ഭാഷ പഠിക്കാനും മറ്റും കൂടുതല്‍ ശ്രമിക്കും. നമുക്ക് ഭാഷ അറിയാത്തത് കൊണ്ട് ഷൂട്ടിംഗിനിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ലല്ലോ. മലയാളത്തില്‍ ആ പ്രശ്നം ഇല്ല.
മലയാളത്തില്‍ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നുണ്ടോ?
എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. മെയിന്‍സ്ട്രീമില്‍ വരണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. നല്ല നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടപ്പെട്ട നടിയായി വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കണം എന്നതാണ് ആഗ്രഹം. എന്റെ ആദ്യചവിട്ടുപടികള്‍ കയറിയിട്ടേയുള്ളൂ. മെയിന്‍ സ്ട്രീമിലെത്താന്‍ ഞാന്‍ ആത്മാര്‍ത്ഥമായി, കഠിനപ്രയത്നത്തിലൂടെ പരിശ്രമിക്കും.
സിനിമയിലേക്കുള്ള വഴി തുറന്നതാരാണ്?
വെയില്‍ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ അഴകപ്പന്‍ സാറാണ് ഇത്തരത്തിലുള്ള ഒരവസരം വിളിച്ചു പറഞ്ഞതും സിനിമയിലേക്കുള്ള വഴി തുറന്നതും..
കുടുംബത്തിന്റെ പിന്തുണ?
അച്ഛന്റെയും അമ്മയുടെയും സപ്പോര്‍ട്ടില്ലെങ്കില്‍ എനിക്ക് ഒരു സിനിമയും ചെയ്യാന്‍ കഴിയില്ലായിരുന്നു. അവരുടെ ഒരു പിന്താങ്ങല്‍ എല്ലാ തരത്തിലുമുണ്ട്. അവരുടെ തിരക്കുകളെല്ലാം മാറ്റിവെച്ച് എന്റെ എല്ലാ യാത്രകളിലും ഒപ്പമുണ്ടാകാറുണ്ട്. അതൊരു വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.
ഇതുവരെ എത്ര ചിത്രങ്ങളില്‍ അഭിനയിച്ചു?
ഒമ്പത് പടങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നുഭാഷയിലുമായി.
അവാര്‍ഡ് ലഭിച്ച സാഹിറ എന്ന കഥാപാത്രത്തെക്കുറിച്ച്?
വെയിലിലെ കഥാപാത്രം ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന മികച്ച ഒരവസരമായിരുന്നു. അപ്പോഴൊന്നും സിനിമയെക്കുറിച്ചും സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ചും എനിക്കൊന്നുമറിയില്ലായിരുന്നു. സംവിധായകന്‍ പറയുന്നതിന് അനുസരിച്ച് അഭിനയിക്കുകയായിരുന്നു. വെയില്‍ ചെയ്തതിന് ശേഷം സിനിമ എന്ത് എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമം നടത്തിക്കൊണ്ടിരുന്നു. ഈ സമയത്താണ് ടി വി ചന്ദ്രന്‍സാറിന്റെ ഓഫര്‍ വരുന്നത്. അതുകൊണ്ട് തന്നെ സാഹിറ ഒരു വെല്ലുവിളിയായിരുന്നു. സാഹിറയുടെ മാനസികാവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
ഭൂമി മലയാളത്തിലെ കഥാപാത്രത്തെക്കുറിച്ച്?
ഭൂമിമലയാളത്തിലെ കഥാപാത്രത്തിന്റെ പേര് ആനി ജോസഫ്. ഒരിടത്തരം കര്‍ഷക കുടുംബത്തിലുള്ള പെണ്‍കുട്ടിയാണ്. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ഒരു ചാമ്പ്യന്‍ഷിപ്പെങ്കിലും നേടുക എന്നതാണ് അവളുടെ ജീവിത ലക്ഷ്യം. പ്രതികരിക്കുന്ന ഒരു സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് ആനി ജോസഫ്.
സാഹിറയെ അവതരിപ്പിക്കാന്‍ മുന്നൊരുക്കങ്ങള്‍ എന്തെങ്കിലും?
അങ്ങനെ പ്രിപ്പറേഷന്‍സ് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പു തന്നെ സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചിരുന്നു. ടി വി ചന്ദ്രന്‍സാര്‍ എന്നോട് പറഞ്ഞത്, സാഹിറയുടെ മാനസികാവസ്ഥ എന്തെന്ന് പൂര്‍ണ്ണമായി പറയാന്‍ എനിക്കിപ്പോള്‍ കഴിയില്ലെന്നാണ്. അത് ഈ കഥാപാത്രത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ അതിന് വേണ്ടി മാനസികമായി തയ്യാറെടുക്കണം. പ്രിയങ്കയില്‍ നിന്ന് മാറി സാഹിറയിലേക്ക് ഇറങ്ങിച്ചെല്ലണം. അതിന് വേണ്ടിയുള്ള ശ്രമം നടത്തിയിരുന്നു. ഓരോദിവസവും, ഓരോ ഷോട്ടിലും. അവസാനം ഷൂട്ടിംഗ് പായ്ക്കപ്പ് ചെയ്യുന്നത് വരെ കഥാപാത്രത്തോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.
മലയാളിത്തം കാത്തുസൂക്ഷിക്കുന്ന നടിമാര്‍ അന്യഭാഷ സിനിമകളിലെത്തുമ്പോള്‍ ഗ്ളാമര്‍ കഥാപാത്രങ്ങളിലേക്ക് തിരിയുന്നു. നയന്‍താരയും ഭാവനയുമെല്ലാം നമുക്ക് മുന്നില്‍ ഉദാഹരണങ്ങളായുണ്ട്?
ഞാന്‍ വളര്‍ന്നത് മലയാളി കള്‍ച്ചറുള്ള ഫാമിലിയിലാണ്. ഗ്ളാമറിന് ഞാന്‍ ഒരു പരിധി വെച്ചിട്ടുണ്ട്. ഞാനൊരു മലയാളിയാണ് എന്ന അതിര്‍വരമ്പിനപ്പുറത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗ്ളാമറസായുള്ള നിരവധി ഓഫറുകള്‍ വന്നു, ഇപ്പോഴും വരുന്നുണ്ട്. പക്ഷെ ആ ഒരു തരത്തില്‍ ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ലാത്തത് കൊണ്ട് പല ഓഫറുകളും നിരസിച്ചു. പക്ഷെ കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ളാമര്‍ ചെയ്യുന്നതില്‍ തെറ്റില്ല. വള്‍ഗര്‍ എക്സ്പോസിംഗ് എനിക്ക് താല്‍പ്പര്യമില്ല. ശരീരം ആവശ്യമില്ലാതെ പ്രദര്‍ശിപ്പിക്കുന്നത് താല്‍പ്പര്യമില്ല. സാഹിറയാണെങ്കിലും ഒരു പരിധിവരെ എക്സ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ അതൊരു വള്‍ഗര്‍ എക്സ്പോസിംഗല്ല. നമ്മുടെ വീട്ടില്‍ എല്ലാവരുമായി കൂടിയിരുന്ന് കണ്ടാല്‍ തന്നെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് ഇണങ്ങിച്ചേരുകയേയുള്ളൂ. അതിനെ നമ്മള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഒരു പ്രേക്ഷക എന്ന നിലയില്‍ ആദ്യം ഞാന്‍ വിലയിരുത്തുമ്പോള്‍ മറ്റുള്ളവര്‍ ആ കഥാപാത്രത്തെ എങ്ങനെ നോക്കിക്കാണും എന്ന ഒരു ബോധം എനിക്കുണ്ട്. അതിന് ശേഷം മാത്രമേ ഗ്ളാമര്‍ കഥാപാത്രങ്ങളെ സ്വീകരിക്കൂ. ഗ്ളാമര്‍ ചെയ്യുന്നത് തെറ്റ് എന്ന് ഞാന്‍ പറയില്ല. ഓരോരുത്തരുടെയും അതിര്‍വരമ്പുകള്‍ പലതായിരിക്കും. എനിക്ക് അതുപോലെ ഒരു ബൌണ്ടറി ഞാന്‍ സെറ്റ് ചെയ്തിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ല.
റോളുകളില്‍ സെലക്ടീവാണോ?
ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയതെല്ലാം ഒരുവിധം മികച്ച കഥാപാത്രം തന്നെയാണ്. ഈ കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകരോടും നന്ദിയുണ്ട്.
കലാകാരിക്ക് സമൂഹത്തോട് ബാധ്യതയുണ്ടോ?
തീര്‍ച്ചയായും. കലാകാരിക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. കലയാല്‍ മാറ്റാന്‍ കഴിയാത്ത ഒരു കാര്യവുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തിലെ പല അനീതിക്കെതിരെയും കലയിലൂടെ പ്രതികരിക്കാന്‍ കഴിയും.
ഇഷ്ടനടന്‍, നടി?
ചെറിയ പ്രായത്തില്‍ ഓരോ സിനിമകള്‍ കാണുമ്പോള്‍ ഓരോരുത്തരെയും ഇഷ്ടമായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ മനസ്സിലായി, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് നമ്മള്‍ ഇഷ്ടപ്പെടുന്നതെന്ന്. മലയാളത്തിലാണെങ്കില്‍ ലോകസിനിമക്ക് തന്നെ മുന്‍നിര്‍ത്തി കാണിക്കാന്‍ കഴിയുന്ന ആര്‍ടിസ്റുകളാണ് ലാലേട്ടനും മമ്മൂക്കയും. ഇപ്പോള്‍ അവരുടെ അഭിനയത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. തിലകന്‍ സാറാണെങ്കിലും വേണുവങ്കിള്‍ ആയാലും ജഗതി ശ്രീകുമാര്‍ അങ്കിള്‍ ആണെങ്കിലുമൊക്കെ. ഇവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇവരെ മനസ്സുകൊണ്ട് ഗുരുക്കന്മാരായി കാണാനാണിഷ്ടം.
ഞാന്‍ ഏറ്റവും കൂടുതല്‍ കാണാനാഗ്രഹിക്കുന്നത് ശോഭന മാഡം, ഉര്‍വശി ചേച്ചി, സുഹാസിനി ചേച്ചി, രേവതി ചേച്ചി, സരിത ചേച്ചി എന്നിവരുടെ സിനിമകളാണ്. ഇവരൊക്കെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഇഷ്ടമാണ്. അത്തരത്തില്‍ എനിക്കും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹമുണ്ട്.

0 comments:

Post a Comment